Asianet News MalayalamAsianet News Malayalam

സ്വർണം ഗുളിക രൂപത്തിലാക്കി കടത്തി; രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടത്തിയത്

Women from Sri Lanka arrested by customs on Gold smuggling charges
Author
Kochi, First Published Aug 10, 2022, 9:38 PM IST

കൊച്ചി: രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. സ്വർണം കടത്തിയതിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയ രണ്ട് പേരെയും കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തത്. കൊളംബോയിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിയ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് ഇന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൈയ്യോടെ പിടികൂടിയത്. ഇവരുവരും ചേർന്ന്, ഗുളിക രൂപത്തിലാക്കിയ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 980 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടത്തിയത്.

അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി നികുതിയിൽ വര്‍ദ്ധനവുണ്ടായതോടെ കള്ളക്കടത്ത് കൂടുതൽ ലാഭമായതാണ് സ്വര്‍ണ്ണക്കടത്ത് കൂടാൻ കാരണം. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്വർണം വൻതോതിൽ കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും സ്വർണം കടത്തുന്നുവെന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഇന്നലെ ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അലി സ്വർണവുമായി പിടിയിലായിരുന്നു. 50 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിൽ നാല് പാക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും അലി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ വിശദമായ പരിശോധനയിൽ അലി ഒളിച്ചുവെച്ച സ്വർണം പിടികൂടുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios