Asianet News MalayalamAsianet News Malayalam

മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയാണ് കൊല്ലപ്പെട്ടത്. സൗമ്യ ഓടിച്ചിരുന്ന വണ്ടി ഇടിച്ചു വീഴ്ത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. 

women police officer killed in mavelikkara
Author
Mavelikara, First Published Jun 15, 2019, 4:53 PM IST

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്ന് പൊലീസ് അറിയിക്കുന്നു. അക്രമം നടത്തിയ അജാസിനേയും ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. അജാസ് എറണാകുളത്ത് ജോലി ചെയ്യുകയാണ് എന്നാണ് സൂചന.

വിവരം അറിഞ്ഞ് കായകുളം, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതുജനങ്ങളെ ഇവിടേക്ക് പൊലീസ് പ്രവേശിപ്പിച്ചിട്ടില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. 

സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തിയ അജാസ് ഓടിമാറിയെങ്കിലും ഇയാളുടെ ദേഹത്തും പെട്രോൾ വീണതിനെത്തുടർന്ന് പൊള്ളലേറ്റു. ഇയാളുടെ പൊള്ളൽ ​ഗുരുതരമല്ല എന്നാണ് വിവരം. ഇയാളെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ തിരികെ എത്തിക്കും. അജാസ് ധരിച്ച വസ്ത്രം തീപിടിച്ചു കത്തി. ഇയാൾക്ക് അരയ്ക്ക് മുകളിലേക്കാണ് പൊള്ളലേറ്റത്. 

സൗമ്യയുടെ നിലവിളി ഓടിയെത്തിയ നാട്ടുകാർക്ക് രക്ഷിക്കാൻ സാധിക്കാത്ത വിധം വലിയ അ​ഗ്നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. സൗമ്യയും അജാസും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു എന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios