കേരളത്തിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (STHREE) ആരംഭിക്കുന്നു. സെപ്റ്റംബർ 16ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എല്ലാ ചൊവ്വാഴ്ചകളിലും ക്ലിനിക്ക് പ്രവർത്തിക്കും.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകളുടെ ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.