സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീര്‍. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുതൽ ആരംഭിക്കും, 3125 ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതി സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ സാമ്പത്തിക സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീര്‍. വീട്ടുജോലികൾ ചെയ്യുന്നവർ, ദിവസക്കൂലിയിൽ ജോലിചെയ്യുന്നവർ, വഴിവക്കിലെ പച്ചക്കറി വിൽക്കുന്ന അമ്മമാർ എല്ലാം മാസം 3000 രൂപയ്ക്ക് മേല്‍ വണ്ടിക്കൂലിക്കായി മാറ്റി വയ്ക്കുന്നവരാണ്. അങ്ങനെ കണ്ണിൽപ്പെടാതെ പോകുന്ന ചുറ്റുമുള്ള നിരവധി സ്ത്രീകളുണ്ട്.
800 കോടിയോളം രൂപ ഒരു വർഷത്തിൽ ഇവർക്ക് നേരിട്ട് ക്യാഷ് ട്രാൻസ്ഫർ പോലെ കിട്ടുകയാണ്. ഇതിനെ എതിർക്കുന്നത് നാളെ വരാനിരിക്കുന്ന പതിനായിരങ്ങളുടെ കരഘോഷം ഭയന്നാണ്. വീണ്ടും കുറഞ്ഞേക്കാവുന്ന വോട്ടുകളുടെ കണക്ക് ഓർത്തിട്ടാവാം. ഇതിനെ എതിര്‍ക്കുന്നവരെ നാളെ ജനം എതിര്‍ക്കുമെന്നും ഷെഫീർ ഫേസ്ബുക്കിൽ കുറിച്ചു.
സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.
പ്രിയദർശിനി ബസ് യാത്രക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി.സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. സീറോ ടിക്കറ്റാണെങ്കിലും കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണമെന്നും സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നുമാണ് ജീവനക്കാർക്ക് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണമെന്നും അധിക ലാഗേജിന് ചാർജ് ഈടാക്കണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


