മലപ്പുറം: മലപ്പുറം ജില്ലയിലെ 108 ആംബുലസുകളിലൊന്ന് ദില്ലിക്ക് കൊണ്ടുപോകാൻ ആംബുലൻസ് സർവ്വീസ് നടത്തുന്ന കമ്പനി ശ്രമിച്ചത് തൊഴിലാളികൾ തടഞ്ഞു. ഹോട്ട്സ്പോട്ട് ആയ ജില്ലയിൽ നിന്നും ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ഡ്രൈവർമാരുടെ നിലപാട്. കേരളത്തിൽ നിന്ന് 15 ആംബുലൻസുകൾ ഇത്തരത്തിൽ ദില്ലിക്ക് കൊണ്ടുപോവാനാണ് കമ്പനിയുടെ നീക്കമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

രണ്ട് അധിക സർവ്വീസുകളടക്കം 34 ആംബുലൻസുകളാണ് മലപ്പുറത്തുള്ളത്. ഇതിൽ രണ്ടെണ്ണം കൃത്യ സമയത്ത് സർവ്വീസ് നടത്താതായതോടെ ബ്രേക്ക് ഡൗണായി. ബാക്കിയുള്ള 32 ആംബുലൻസുകളിൽ ഒന്നാണ് ദില്ലിക്ക് കൊണ്ടു പോകാനായി കമ്പനിയുടെ അധികൃതരെത്തിയത്. മലപ്പുറം ജില്ല ഹോട്ട് സ്പോട്ടായി തുടരുന്നതിനാൽ ആംബുലൻസ് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ഡ്രൈവർമാർ പറയുന്നു. 10000 കിലോ മീറ്റർ ഓടിക്കഴിഞ്ഞാൽ ആംബുലൻസ് സർവ്വീസ് നടത്തേണ്ടതുണ്ടെന്നാണ് കമ്പനിയും ആരോഗ്യ വകുപ്പുമായുമുണ്ടാക്കിയ കരാറിൽ പറയുന്നത്. 

എന്നാൽ ജില്ലയിലെ ഓരോ വണ്ടികളും 30000 ൽ അധികം കിലോമീറ്റർ ഓടിയിട്ടും ഇതുവരെ കമ്പനി സർവ്വീസ് നടത്താൻ തയ്യാറായില്ലെന്ന് ഡ്രൈവർമാർ പറയുന്നു. സംസ്ഥാനത്ത് നിന്ന് 15 ആംബുലൻസ് കൊണ്ടുപോകുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞെങ്കിലും ആരോഗ്യ വകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന മറുപടിയാണ് നൽകുന്നത്. എന്നാൽ 108 ആംബുലൻസിന്റെ ചുമതലയുള്ള കെഎംസിഎൽ ഒരു ആംബുലൻസും കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന നിലപാടിലാണ്.