പൊലീസ് വാഹനം ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസ് എടുത്തെന്നുമാണ് പരാതി.

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ പൊലീസ് അതിക്രമം എന്ന് പരാതി. പൊലീസ് വാഹനം ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസ് എടുത്തെന്നുമാണ് പരാതി. പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് എടത്തല പൊലീസ് എടുത്ത കേസിൽ ജോബിക്കെതിരെ ചുമത്തിയത്.

ഇന്നലെ കൊച്ചി റിന്യൂവൽ സെന്ററിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ അതിഥിയായിരുന്നു ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യു. പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ എടത്തലയിൽ വച്ച് പോലീസിന്റെ വാഹനം ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് പൊലീസ് വാഹനം അപകടകരമായി പിന്തുടരുകയും തന്റെ വാഹനത്തിൽ ഇടിക്കുകയും ചെയ്‌തെന്ന് ജോബി. കളമശ്ശേരി ക്യാമ്പിലെ പോലീസ് ഡ്രൈവർ സരിൻ ദാസായിരുന്നു വാഹനം ഓടിച്ചത്. വീണ്ടും തർക്കം ഉണ്ടാകുകയും തന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തപ്പോൾ ഫോൺ പിടിച്ചു വാങ്ങിയെന്ന് ജോബി പറയുന്നു.

പരിപാടിയിൽ പങ്കെടുത്ത ശേഷം കമ്മീഷണർ ഓഫീസിൽ ഫോൺ ഹാജരാക്കി. ഉദ്യോഗസ്ഥനെതിരെ പരാതിയും നൽകി. എന്നാൽ പൊലീസ് കേസ് എടുത്തിരുന്നില്ല. പക്ഷേ സരിൻ ദാസിന്റെ പരാതിയിൽ ജോബിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തി, ദേഹോപദ്രവം ഏൽപ്പിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എടത്തല പോലീസ് കേസെടുത്തത്. ജോബിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വീട്ടിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് തുടർന്ന് മടങ്ങി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ജോബിയുടെ തീരുമാനം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്