കോഴിക്കോട്: അടിയന്തര ചികില്‍സ നല്‍കുന്നതില്‍ ആശുപത്രികള്‍ ഗുരുതര വീഴ്ച വരുത്തിയപ്പോള്‍ കോഴിക്കോട് സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ വിമിതിന് നഷ്ടമായത് തന്‍റെ വലതുകാലാണ്. മലപ്പുറം ടൗണിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിമിതിന് എട്ട് മണിക്കൂറിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിന് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷ ഇവരുടെ ബൈക്കിൽ ഇടിച്ചു. വിമിതിന്റെ കാലിനായിരുന്നു ഗുരുതര പരിക്ക്. ആദ്യം സഹകരണ ആശുപത്രിയിൽ കൊണ്ടുപോയ വിമിതിനെ അവിടെ നിന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയും ഡോക്ടർ ഉണ്ടായിരുന്നില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെയൊന്നും ഡോക്ടർമാരുണ്ടായിരുന്നില്ല. അവസാനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തുടയെല്ല് പൊട്ടി ഞരമ്പുകൾ മുറിഞ്ഞ് ഗുരുതരമായ പരിക്കേറ്റിരുന്നു വിമിത്തിന്. ആറ് മണിക്കൂറിനുള്ളിൽ നടത്തേണ്ട ശസ്ത്രക്രിയ വളരെ വൈകി അടുത്ത ദിവസം രാവിലെയാണ് ചെയ്യാനായത്. അപ്പോഴേക്കും വൈകിയിരുന്നു. വലതുകാൽ മുറിച്ച് കളയുകയല്ലാതെ ഡോക്ടർമാർക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓർത്തോസർജൻ ഡോ ഗോപാലകൃഷ്ണനാണ് അദ്ദേഹത്തെ ചികിത്സിച്ചത്.

കഴിയുന്നതും വേഗം ജോലിക്ക് തിരിച്ച് പോകണം എന്ന പോസിറ്റീവ് ചിന്താഗതിയാണ് വിമിത്തിന്റെ ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിച്ചത്. 2011 ൽ അപകടം നടന്ന് കാൽ നഷ്ടപ്പെട്ട വിമിത്ത് പിന്നീട് ഫോട്ടോഗ്രഫിയിൽ സംസ്ഥാന സർക്കാറിന്റെ അവാർഡ് വരെ നേടി. ക്യാമറ അന്നും ഇന്നും വിമിത്തിന്റെ കൂടെത്തന്നെയുണ്ട്.