തിരുവനന്തപുരം: കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ഏഷ്യാനെറ്റ് ന്യൂസിലെ കിസാൻ കൃഷിദീപം പ്രൊഡ്യൂസറുമായിരുന്ന ബി എൽ ബിജുലാലിന്‍റെ ജീവിതം തകിടംമറിച്ചത് ഒരു വാഹനാപകടമാണ്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ബിജു കഴിഞ്ഞ ഒന്നര വർഷമായി കിടപ്പിലാണ്. പണ്ട് ജോലിത്തിരക്കുമായി ദിവസവും 18 മണിക്കൂർ വരെ വീടിനു പുറത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ 19 മാസമായി സ്വന്തം മുറിയാണ് ലോകം. 

ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോള്‍ പാഞ്ഞു വന്ന ബൈക്കാണ് ബിജുവിന്‍റെ ജീവിതം തട്ടിത്തെറിപ്പിച്ചത്. ഇതിനകം നാല് ശസ്ത്രക്രിയകള്‍ നടത്തി, 14 ലക്ഷത്തിനും മേലെയാണ് ചെലവായത്. സർക്കാർ ഉദ്യോഗസ്ഥനെങ്കിലും ശമ്പളമില്ലാത്ത അവധിയിലായിരുന്നതിനാൽ ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. നാല് മാസത്തെ ചികിത്സ കൊണ്ട് നേരെയാകുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ഇതുവരെയും കാര്യമായ പുരോഗതിയില്ല. കാരണം എന്തുതന്നെയാണെങ്കിലും മറ്റൊരാളുടെ തെറ്റിന്‍റെ ശിക്ഷയേൽക്കേണ്ടി വന്ന ബിജുവിനെ പോലുളളവർക്ക് നഷ്ടപ്പെട്ട ജീവിതത്തിന് ഒന്നും പകരമാകുന്നില്ല.