തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് ഇതുവരെ 192 റോഡ് അപകടങ്ങൾ നടന്നു. അപകടങ്ങളില്‍ എട്ട് പേർ മരിച്ചപ്പോൾ 153 പേർക്ക് പരിക്കേറ്റു. രാത്രി 12.30യ്ക്ക് പൊന്നാനിയിൽ നടന്ന വാഹനാപകടത്തിലാണ് മൂന്ന് പേർ മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉച്ചയ്ക്ക് 12.10 വരെ 11 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ 18 പേരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നാല് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ബൈക്കും കാറും കൂട്ടിയിടിച്ച് എരുമപ്പെട്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ ഒമ്പത് മണി വരെ അഞ്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളജിലും വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിൽ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് രണ്ട് പേരെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

അതേസമയം, രാത്രി പൊന്നാനിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് നൗഷാദുള്ളത്. നൗഷാദിനൊപ്പം കാറിലുണ്ടായിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാറിൽ പൊന്നാനി കുണ്ടുകടവില്‍ വച്ച് ലോറി ഇടിക്കുകയായിരുന്നു. പൊന്നാനി പാലപെട്ടിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്നു കാർ കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുമായാണ് കൂട്ടിയിടിച്ചത്.