രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേശം അടിച്ചേല്‍പ്പിക്കുകയാണ് ഇന്ന്. പണ്ടൊന്നും പേരിന്‍റെ കൂടി ജാതി അത്രവ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ പോലും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുകയാണ്- പദ്മനാഭന്‍ പറഞ്ഞു.

ഹരിപ്പാട്: രാജ്യം ഭരിക്കുന്നവര്‍ തന്നെ ഇന്ന് ജാതീയത അടിച്ചേല്‍പ്പിക്കുകയാണെന്നും തന്‍റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കുന്നത് ഒരു മുസല്‍മാനായിരിക്കുമെന്നും സാഹിത്യകാരന്‍ ടി പദ്മനാഭന്‍. സിബിസി വാര്യര്‍ ഫൗണ്ടേഷന്‍റെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളില്ലാത്ത തനിക്കു വേണ്ടി മരണ ശേഷം ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നത്- പദ്മനാഭന്‍ പറഞ്ഞു.

ഭാര്യ മരിച്ചപ്പോള്‍ ചിതാഭസ്മം വയനാട്ടിലെ നദിയില്‍ ഒഴുക്കിയതും ബലിതര്‍പ്പണമടക്കമുള്ള ചടങ്ങുകള്‍ നടത്തിയതും കീഴ്ജാതിക്കാരനെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍പ്പെട്ട ഒരാളാണ്. നമ്മുടെ നാട് ഇന്ന് ഒരു തിരിച്ചു പോക്കിലാണ്, ജാതീയമായ ചിന്തകള്‍ സമൂഹത്തില്‍ പെരുകുന്നു. അടുത്തയിടെ മുംബൈയില്‍ ഒരു ഡോക്ടര്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കാതെ ജീവനൊടുക്കിയത് ഓര്‍ക്കണം. രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേശം അടിച്ചേല്‍പ്പിക്കുകയാണ് ഇന്ന്. പണ്ടൊന്നും പേരിന്‍റെ കൂടി ജാതി അത്രവ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ പോലും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുകയാണ്- പദ്മനാഭന്‍ പറഞ്ഞു.

വയസ് 90ലേക്ക് അടുക്കുകയാണ്. എങ്കിലും ഇപ്പോഴും മനസ്സില്‍ യൗവ്വനുണ്ട്. ഞാനൊക്കെ സ്വാതന്ത്ര സമരം കളത്തിലിറങ്ങി കണ്ടാണ് വളര്‍ന്നത്. കരയില്‍ ഇരുന്നല്ല. മരണം വരെ ഖദര്‍ വസ്ത്രം ഇടണമെന്നും മരണ ശേഷം ദേശീയ പതാക പുതപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും പദ്മനാഭന്‍ പറഞ്ഞു.