കോട്ടയം: കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായാ സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി. സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം തങ്ങളുടെ പള്ളികൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. എന്നാൽ പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിശ്വാസികളെ തടയില്ലെന്നും ആരാധനയ്ക്കായി എത്തുന്നവരെ വിലക്കില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ മറപറ്റി ഓർത്തഡോക്സ് വിഭാഗം തങ്ങളുടെ പള്ളികൾ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യാക്കോബായ വിശ്വാസികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യാക്കോബായ വിഭാഗത്തിന്‍റെ കോട്ടയം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. കാതോലിക്കേറ്റ് അരമനയിലേക്ക് നടത്തിയ മാർച്ച് കഞ്ഞിക്കുഴിയിൽ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

തങ്ങൾക്ക് നീതി നിഷേധിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. എന്നാൽ പള്ളികളിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികളെ തടയില്ലെന്നും സഭയിൽ ഐക്യമുണ്ടാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.

സർക്കാരിനെതിരെയും ഓർത്തഡോക്സ് സഭ വിമർശനം ഉന്നയിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും കോടതിയുടെ ഇടപെടൽക്കൊണ്ടാണ് പിറവത്ത് വിധി നടപ്പാക്കിയതെന്നും ഓർത്തഡോക്സ് വിഭാഗം കുറ്റപ്പെടുത്തി. യാക്കോബായ വിഭാഗത്തിന്റെ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്സ് വിഭാഗം നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന കാര്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് യാക്കോബായ വിഭാഗവുമായി ചർച്ചകൾ നടക്കാത്തതെന്നും തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കിയിരുന്നു.

Read More: പിറവം പള്ളി: യാക്കോബായ വിഭാഗത്തിന്റെ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്സ്