കൊച്ചി: പിറവം പള്ളിത്തർക്കത്തിൽ റോഡിൽ കുർബാന നടത്തിയ ശേഷം യാക്കോബായ വിഭാ​ഗം പ്രതിഷേധ റാലി നടത്തി. യാക്കോബായ വിഭാഗത്തിന് നീതി ലഭിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ഓർത്തഡോക്സ്‌ വിഭാഗം പിറവം സെന്‍റ് മേരീസ് പള്ളിയിൽ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയതിൽ പിന്നാലെയായിരുന്നു യാക്കോബായ വിഭാ​ഗം റോഡിൽ കുർബാന നടത്തിയത്.

യാക്കോബായ വിഭാ​ഗം വൈദികന്റെ നേതൃത്വത്തിലാണ് റോഡിൽ കുർബാന നടത്തിയ ശേഷം പ്രതിഷേധ റാലിയുമായി വിശ്വാസികൾ മുന്നോട്ട് പോയത്. ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി ജില്ലാഭരണകൂടത്തോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളിയുടെ ഭാ​ഗത്ത് നിന്നും മാറിയാണ്  പ്രതിഷേധ റാലി നടത്തിയത്. പള്ളിവിട്ടുകൊടുക്കാൻ തയ്യാറല്ല, നീതി ലഭിക്കണം, മനുഷ്യാവകാശ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും യാക്കോബായ വിഭാഗം പറയുന്നു.  മൃതദേഹം പോലും അടക്കാൻ അനുവദിക്കാത്തത്  നീതി നിഷേധമാണെന്നും യാക്കോബായ വിഭാ​ഗം ആരോപിക്കുന്നു. നിയമനടപടികളുമായ വീണ്ടും മുന്നോട്ട് പോകുമെന്നും  യാക്കോബായ വിഭാ​ഗം പറയുന്നു. തങ്ങൾ വർഷങ്ങളായി ആരാധന നടത്തുന്ന പള്ളി വിട്ടു നൽകാൻ കഴിയില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. 

ഓർത്തഡോക്സ്‌ വൈദികൻ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിലാണ് ഓർത്തഡോക്സ്‌ വിഭാഗം കുർബാന നടത്തിയത്. പള്ളിയില്‍ കുർബാന നടത്താൻ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. പള്ളി പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടർ ഇന്നലെ കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനക്കെത്തിയ ഓർത്തഡോക്സ്‌ വിഭാഗത്തെ പള്ളിയിൽ കയറാൻ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.

Read More: സുപ്രീംകോടതി വിധി നടപ്പാക്കി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി