കണ്ണൂര്‍: തെരുവ് കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. ഇന്ന് തന്നെ റിപ്പോർട്ട് ഡിഐജിക്ക് സമർപ്പിക്കുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. റോഡുവക്കിൽ  കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ചെറുപുഴ സിഐ ബിനീഷ് കുമാര്‍ ഇവരോട് അപമര്യാദയായി പെരുമാറിയത്.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്നത് വ്യാപാരികൾ ചോദ്യം ചെയ്തു. അവർ പൊലീസിനെ സമീപിച്ച് തെരുവ് കച്ചവടക്കാരെ മാറ്റിത്തരാൻ ആവശ്യപ്പെട്ടു. സ്ഥലത്ത് എത്തിയ ചെറുപുഴ ഇൻസ്പെക്ടർ ബിനീഷ് കുമാർ സിനിമാ സ്റ്റൈലിൽ വണ്ടിയിൽ നിന്ന് ഇറങ്ങി കച്ചവടക്കാരെ വിരട്ടി.  ദേഹത്ത് കൈവെച്ച് സംസാരിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞപ്പോഴായിരുന്നു അസഭ്യ വർഷം. 

കച്ചവടക്കാരിലൊരാൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. നിങ്ങളെയെല്ലാം പാഠം പഠിപ്പിക്കുമെന്ന് സിഐയുടെ ആക്രോശവും വീഡിയോയിലുണ്ട്. റോഡ് സൈഡിൽ കച്ചവടം നടത്തിയവർക്ക് പിഴ ചുമത്തിയ പൊലീസ് സംഘം എല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചു. തെരുവുകച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇൻസ്പെക്ടറുടെ വാദം.