വയനാട്: വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിൽ ഇന്നലെ രാത്രി ചെറിയ ഉരുൾപൊട്ടലും വലിയ മണ്ണിടിച്ചിലും ഉണ്ടായി. സംഭവത്തെ തുടർന്ന് മേൽമുറി ഭാഗത്ത് നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പത് മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേൽമുറിയിൽ ഇന്നലെ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് തന്നെ  വീണ്ടും ഉരുൾപൊട്ടിയത്.

ഇന്നലെ രാത്രി പ്രദേശത്തെ രണ്ട് വീട്ടുകാർ മാറി താമസിച്ചെങ്കിലും രാവിലെ തിരിച്ചെത്തി. സ്ഥലത്തെ അവസ്ഥ വിലയിരുത്താൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ഇന്ന് സ്ഥലം സന്ദർശിക്കും. ജനങ്ങൾ പേടിക്കരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ താഴെ എസ്റ്റേറ്റ് തൊഴിലാളികൾ നിർമ്മിച്ച താത്കാലിക പാലവും കുടിവെള്ള പൈപ്പും തകർന്നു.