അച്ഛനെ വൃദ്ധസദനത്തിലാക്കാനെത്തിയ മകനോടും മരുമകളോടും അവിടെയുണ്ടായിരുന്ന സ്ത്രീ ചോദിക്കുന്ന ചോദ്യങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്വന്തം കാലിൽ നടക്കാൻ പഠിപ്പിച്ച അച്ഛനെ അദ്ദേഹത്തിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഉപേക്ഷിച്ചതിനെ അവർ ചോദ്യം ചെയ്തു. 

ചില സന്ദർഭങ്ങളിൽ നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങൾ കേൾവിക്കാരനെ മരിച്ചതിന് തുല്യമാക്കി മാറ്റും. അത്തരമൊരു സന്ദർഭത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ ഏവരുടെയും കാഴ്ചക്കാരുടെയും ചങ്ക് തക‍ർന്നു. രോഗിയായ, സ്വന്തം നിലയിൽ നടക്കാനോ എന്തിന് ഭക്ഷണം കഴിക്കാൻ പോലും പ്രയാസപ്പെടുന്ന സ്വന്തം അച്ഛനെ വൃദ്ധസദനത്തിലാക്കാനെത്തിയ മകനോടും മരുമകളോടും ഒരു സ്ത്രീ ചോദിച്ച ചോദ്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ചങ്കിൽ കൊണ്ടത്.

ആരാണ് നടക്കാൻ പഠിപ്പിച്ചത്

മകനും ഭാര്യയും ചേർന്ന് വൃദ്ധനും രോഗിയുമായ അച്ഛനെ വൃദ്ധ സദനത്തിലെ മുറിയിലേക്ക് കൊണ്ടുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരുവിധത്തിൽ ഇരുവരും ചേർന്ന് അദ്ദേഹത്തെ ഒരു മുറിയിൽ ഒരുക്കിയ കട്ടിലിൽ ഇരുത്തുന്നു. ഈ സമയം വൃദ്ധസദനത്തിലെ ഒരു സ്ത്രീയാണ് മകനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നത്. "ആരാണ് നിന്നെ ഉപജീവനമാർഗ്ഗം നേടാൻ പ്രാപ്തനാക്കിയത്? സ്വന്തം കാലിൽ നടക്കാൻ നിന്നെ ആരാണ് പഠിപ്പിച്ചത്?" സ്ത്രീയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മകന് ഒരുത്തരമേ ഉണ്ടായിരുന്നൊള്ളുൂ. അച്ഛൻ.

Scroll to load tweet…

ഇന്ന് അച്ഛനെങ്കിൽ നാളെ മകന്

"അദ്ദേഹം നിന്നെ എല്ലാം പഠിപ്പിച്ചു തന്നെങ്കിൽ, ഇന്ന്, അദ്ദേഹത്തിന് ശരിയായി നടക്കാൻ കഴിയാത്തപ്പോൾ, നിനക്ക് അദ്ദേഹത്തിന്‍റെ കൈ പിടിക്കാൻ കഴിയില്ലേ? അദ്ദേഹത്തിന് നിന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ, നീ അദ്ദേഹത്തെ ഇവിടെ ഉപേക്ഷിക്കുകയാണോ?" മകനോടുള്ള സ്ത്രീയുടെ ചോദ്യം കേട്ട് അച്ഛൻ കണ്ണു തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും കേട്ട് മകന്‍ നിശബ്ദനാകുന്നു. പക്ഷേ അവിടം കൊണ്ട് നിർത്താൻ സ്ത്രീ തയ്യാറാകുന്നില്ല. അവർ, മകന്‍റെ ഭാവി കുടി കാണിക്കുന്നു.'നാളെ നിങ്ങളുടെ സ്വന്തം കുട്ടികൾ നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോൾ. ഇന്ന് നിങ്ങളുടെ അച്ഛൻ ഇരിക്കുന്നിടത്ത് നിങ്ങൾ ഇരിക്കുമ്പോൾ, അവർ നിങ്ങളെ പിന്നിലാക്കുമ്പോൾ അതും അനുഭവിക്കാൻ ശ്രമിക്കുക'.

കടമയോ പ്രായോഗികതയോ

വീഡിയോ ഇതിനകം മൂന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ വീണ്ടും വീണ്ടും പങ്കുവച്ചു. ചിലർ വൈകാരികമായ കുറിപ്പുകളുമായെത്തി. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ ഓരോ മക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് നിരവധി പേരാണ് എഴുതിയത്. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ആളുകൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനം അർഹിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതേസമയം മറ്റ് ചിലർ പ്രായോഗികമായി ചിന്തിക്കാൻ ആവശ്യപ്പെട്ടു. മകനും മരുമകൾക്കും ജോലിയുണ്ടെങ്കിൽ പകൽ സമയം അദ്ദേഹത്തിന്‍റെ കാര്യങ്ങൾ ആര് നോക്കുമെന്ന ചോദ്യവുമായി ചിലരെത്തി. സ്വന്തം കടമ, കരുണ തുടങ്ങിയവയെ കുറിച്ചും പ്രായോഗികതയെ കുറിച്ചുമുള്ള നീണ്ട ചർച്ചയായിരുന്നു പിന്നീട് നടന്നത്.