പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ ഫോണും നമ്പറും ബാങ്ക് അക്കൗണ്ടും മെയിൽ ഐഡി ഉൾപ്പടെ എല്ലാം മാറ്റി. എന്നിട്ടും പ്രശ്നം തുടർന്നു. ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടുമൊക്കെ ആധാറുമായി ലിങ്ക് ചെയ്യുമ്പോഴാണത്രേ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.
മാനന്തവാടി: നാലുവർഷമായി സൈബർ ക്രൈമിന് ഇരയാകുന്നുവെന്ന പരാതിയുമായി വയനാട് ബത്തേരി സ്വദേശിയായ യുവതി. ഫോൺ ഹാക്ക് ചെയ്ത് പണം തട്ടുന്നു എന്നാണ് പരാതി. ഫോണും നമ്പറും ഉൾപ്പടെ മാറ്റിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയനാട് സുൽത്താൻ ബത്തേരി നെന്മേനി മലങ്കര സ്വദേശിയാണ് അധ്യാപികയായിരുന്ന സൗമ്യ. 2022 മുതലാണ് സൗമ്യയുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്.
ആദ്യഘട്ടത്തിൽ തന്നെ സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും വീട്ടിലെ ആരെങ്കിലും ഗെയിമിംങ് ആപ്പ് ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടായ പ്രശ്നമാകും എന്ന തരത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പറയുന്നു സൗമ്യ. പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ ഫോണും നമ്പറും ബാങ്ക് അക്കൗണ്ടും മെയിൽ ഐഡി ഉൾപ്പടെ എല്ലാം മാറ്റി. എന്നിട്ടും പ്രശ്നം തുടർന്നു. ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടുമൊക്കെ ആധാറുമായി ലിങ്ക് ചെയ്യുമ്പോഴാണത്രേ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.
2021 ൽ നിരന്തരം ഫോൺകോളുകൾ സൗമ്യയുടെ ഫോണിലേക്ക് വന്നിരുന്നു. അന്വേഷിച്ചപ്പോൾ ഒരു പോൺ സൈറ്റിൽ ഇവരുടെ നമ്പർ നൽകിയിരുന്നു എന്നാണ് കണ്ടെത്തിയത്. മാസങ്ങൾക്ക് ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയി തുടങ്ങിയത്. നിലവിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ജോലിക്ക് പോകാൻ കഴിയുന്നില്ല. ഡിഗ്രിക്ക് പഠിക്കുന്ന മകളും പ്ലസ് വൺ വിദ്യാർത്ഥിയായ മകനും ക്യാൻസർ രോഗിയായ അമ്മയുമാണ് വീട്ടിൽ ഉള്ളത്. സംഭവത്തിൽ വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും സൗമ്യ നിരത്തുന്ന ചില തെളിവുകൾ തള്ളിക്കളയാനാകുന്നതല്ല.





