Asianet News MalayalamAsianet News Malayalam

ആർസിസിയിലെ ലിഫ്റ്റ് തകർന്ന് മരിച്ച നദീറ കൊവിഡ് പോസിറ്റീവ്; രോഗം പകർന്നത് ഐസിയുവിൽ നിന്നെന്ന് സംശയം

അപകടത്തിന് ശേഷം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ. ഐസിയുവിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

young women who died in rcc lift accident covid positive
Author
Trivandrum, First Published Jun 17, 2021, 2:15 PM IST

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ലിഫ്റ്റ് തകർന്നു വീണ് മരിച്ച നദീറ കൊവിഡ് പോസിറ്റീവ്. യുവതിയുടെ പരിശോധന ഫലം ബന്ധുക്കൾക്ക് കിട്ടി. അപകടത്തിന് ശേഷം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ. ഐസിയുവിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

നദീറയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയത് ആറ് ദിവസം മുമ്പാണ്. അപ്പോൾ നടത്തിയ ആൻ്റിജൻ പരിശോധന നെഗറ്റീവ് ആയിരുന്നു. ട്രൂ നാറ്റ് പരിശോധനയിലാണ് പോസിറ്റിവായത്. നോൺ - കൊവിഡ് വിഭാഗത്തിൽ ആയിരുന്നു നദീറയുടെ ചികിത്സയെന്നു ആശുപത്രി അധികൃതരും വ്യക്തമാക്കി. ഇതുകൊണ്ടെല്ലാം തന്നെ രോഗബാധ ആശുപത്രിയിൽ നിന്ന് തന്നെയാകാം എന്നാണ് നിഗമനം. 

പത്തനാപുരം സ്വദേശിനി നദീറ അമ്മയുടെ ചികിത്സയ്ക്കായാണ് ആർസിസിയിൽ എത്തിയത്. ആർസിസിയുടെ രണ്ടാം നിലയിൽ തുറന്നു വച്ചിരുന്ന ലിഫ്റ്റിലേക്ക് കാലെടുത്തു വച്ച നദീറ ഏറ്റവും താഴത്തെ നിലയിലാണ് ചെന്ന് വീണത്. അറ്റകുറ്റപണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിനു മുന്നിൽ അപായ സൂചനയൊന്നും രേഖപ്പെടുത്താതിരുന്നതാണ് നദീറയുടെ ജീവനെടുത്ത അപകടത്തിനു കാരണമായത്. തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റ് രണ്ടു മണിക്കൂറോളം ചോര വാർന്ന് കിടന്ന ശേഷമാണ്  അപകട വിവരം ആർസിസിയിലുള്ളവർ അറിഞ്ഞതു പോലും. 

ആർസിസിയുടെ അനാസ്ഥയാണ്  ജീവൻ നഷ്ടമാകാൻ കാരണമെന്നും  നദീറയുടെ കുഞ്ഞിന് ജീവിക്കാനുളള നഷ്ടപരിഹാരം വേണമെന്നും     ബന്ധുക്കൾ  ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മിഷൻ ആർസിസിയോട് വിശദീകരണവും തേടി. ഇതിനിടയിലാണ് യുവതി കൊവിഡ് പോസിറ്റീവായ വിവരം പുറത്ത് വരുന്നത്. 

Follow Us:
Download App:
  • android
  • ios