നിലത്ത് പായയിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മകനെയും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു

കൊച്ചി: എറണാകുളം കളമശേരിയിൽ ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കളമശേരി കൊച്ചിൻ സർവകലാശാല ക്യാമ്പസിന് സമീപം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്‍റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. 
പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ് .കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്.

നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്‍റെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.