വീടിനുള്ളിൽ അതിക്രമിച്ചുകയറിയ കരടി ഡൈനിംഗ് ടേബിളിലിരുന്ന കെഎഫ്‌സി (KFC) ചിക്കൻ കവർന്ന് കടന്നുകളഞ്ഞു
വാഷിങ്ടണ്‍: വീടിനുള്ളിൽ അതിക്രമിച്ചുകയറിയ കരടി ഡൈനിംഗ് ടേബിളിലിരുന്ന കെഎഫ്‌സി (KFC) ചിക്കൻ കവർന്ന് കടന്നുകളഞ്ഞു. യുഎസിലെ കെന്‍റക്കിലാണ് കൗതുകവും ഭയവും ഉണർത്തുന്ന ഈ സംഭവം നടന്നത്. കെന്ദ്ര നോർത്ത് എന്ന സ്ത്രീയുടെ വീട്ടിലാണ് ആഗസ്റ്റ് 13 ന് വ്യാഴാഴ്ച പുലർച്ചെ കരടിയെത്തിയത്. ലിവിംഗ് റൂമിലും അടുക്കളയിലും എയർ കണ്ടീഷണർ (AC) ഇല്ലാതിരുന്നതിനാൽ കെന്ദ്രയും പങ്കാളിയും മുൻവശത്തെ വാതിൽ തുറന്നിട്ടാണ് രാത്രി ഉറങ്ങാൻ കിടന്നത്. ഈ സമയം വീടിനുള്ളിൽ കടന്ന കരടി മേശപ്പുറത്ത് വെച്ചിരുന്ന ബാക്കിവന്ന കെഎഫ്‌സി എടുത്ത് തിന്നുകയായിരുന്നു.
അടുത്ത വീട്ടിൽ താമസിക്കുന്ന കെന്ദ്രയുടെ സഹോദരിയാണ് പുലർച്ചെ അഞ്ചുമണിയോടെ കരടി വീട്ടിൽ നിന്ന് പുറത്തിറങ്ങിപ്പോകുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ കെന്ദ്രയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കെഎഫ്‌സി എടുക്കുന്നതിനിടയിൽ കരടിയുടെ ഭാരം താങ്ങാനാവാതെ കട്ടിയുള്ള ഗ്ലാസ് ടേബിൾ തകർന്നു വീണു. ശബ്ദം കേട്ടെങ്കിലും പുറത്ത് ഏതെങ്കിലും വാഹനം അപകടത്തിൽപ്പെട്ടതാണെന്നാണ് കെന്ദ്ര കരുതിയത്.
അപകടങ്ങളൊന്നും കൂടാതെ കരടി മടങ്ങിപ്പോയെങ്കിലും, ചൂട് കൂടുതലാണെങ്കിലും ഇനിമുതൽ വീടിന്റെ മുൻവാതിൽ അടച്ചിടാൻ തീരുമാനിച്ചതായി അവർ വ്യക്തമാക്കി. മൃഗങ്ങളുടെ ഭക്ഷണ സാധനങ്ങളും അവശിഷ്ടങ്ങളും വീടിന് പുറത്തോ മുൻവശത്തോ തുറന്നുവെക്കരുതെന്നും, അത് കരടികളെ ആകർഷിക്കാൻ കാരണമാകുമെന്നും കെന്റക്കി ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.



