കൊച്ചി: കൊച്ചി നഗരത്തിൽ മറൈന്‍ ഡ്രൈവിന് സമീപം പട്ടാപ്പകൽ യുവാക്കളുടെ അതിക്രമം. തടയാനെത്തിയ പൊലീസിനു നേരെ യുവാക്കള്‍ കത്തി വീശി. മയക്കു മരുന്ന് ഉപയോഗിച്ച ശേഷമാണ് യുവാക്കളുടെ അതിക്രമമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെയാണ് സംഭവം നടന്നത്. നാല് യുവാക്കൾ റോഡിൽ പരസ്പരം വഴക്കടിക്കുന്നതായി വിവരം  ലഭിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുധീറും സംഘവും സ്ഥലത്തെത്തി. പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിനു നേരെ തിരിഞ്ഞു. കയ്യിലുണ്ടായിരുന്ന കത്തി എഎസ്ഐക്കു നേരെ വീശുകയായിരുന്നു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ട് മൂന്നു പേരെ പിടികൂടുകയായിരുന്നു.  

അൽത്താഫ് മുഹമ്മദ്, മുളവു കാട് വലിയ പറമ്പില്‍ ബ്രയാൻ ആദം, ഇളങ്ങുളം കുളങ്ങരത്തറ വിശാൽ ബോബൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയിൽ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ പിടികൂടാനുണ്ട്. പൊതു സ്ഥലത്ത് ആക്രമണം നടത്തിയതിനും പൊലീസിന്‍റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്നു പേർക്കും 20 വയസ്സിൽ താഴെയാണ് പ്രായം.