തിരുവനന്തപുരം: നെയ്യാര്‍ ഡാം കുന്നില്‍ ജലസേചന പദ്ധതിക്കായുളള  സ്ഥലമേറ്റെടുപ്പിനിടെ യുവാവിന്‍റെ ആത്മഹത്യാശ്രമം. നാട്ടുകാരനായ രാജേഷാണ് നെഞ്ചിലേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയത്. സ്വകാര്യഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ജലഅതോറിറ്റി ശ്രമിക്കുന്നെന്നാരോപിച്ചാണ് യുവാവ് തീകൊളുത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ അണച്ചു. 

അതേസമയം ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം. അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. 

നാലുപേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.