തിരുവനന്തപുരം: യുവനടിയെ പൊതുസ്ഥലത്ത് അപമാനിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കുനേരെ ഉണ്ടായ ദുരനുഭവം യുവനടിക്ക്  യുവജന കമ്മീഷൻ എല്ലാവിധ പിന്തുണയും അറിയിച്ചു. ഈ വിഷയത്തിൽ പോലീസിൽ നിന്നും അടിയന്തര റിപ്പോർട്ട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. 

പരാതിയുമായി മുന്നോട്ടു പോകാനുള്ള എല്ലാ പിന്തുണയും പെൺകുട്ടിക്ക് നൽകുമെന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാൻ  തയ്യാറായ പെൺകുട്ടിയെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അഭിനന്ദിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. 

അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും നടി കുറിച്ചു. സംഭവം പുറത്ത് വന്നതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകിയിരുന്നു. 

ഷോപ്പിം​ഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കു൦. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ൦സാരിച്ചു. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.