ചാലക്കുടി: ചാലക്കുടിയിൽ ഒപ്പം താമസിച്ച സ്ത്രീയെ എയർഗൺ കൊണ്ട് തലയ്ക്കടിച്ച ശേഷം യുവാവ് പുഴയിൽച്ചാടി മരിച്ചു. വെട്ടുകടവ് സ്വദേശി നൈറ്റോയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വെട്ടുകടവ് പാലത്തിന് മുകളിൽ നിന്നാണ് നൈറ്റോ പുഴയിൽ ചാടിയത്. സമീപത്ത് പുഴയിൽ ചൂണ്ടയിട്ടിരുന്നവർ ഉടൻ പൊലീസിനെ അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കരയ്ക്കടിപ്പിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

വൈപ്പിൻ സ്വദേശിനിയായ 39 കാരി ഒരു മാസത്തിലേറെയായി ഇയാൾക്കൊപ്പം താമസിച്ചിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ. ഇരുവരും അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് വഴക്ക് പതിവായിരുന്നു. ഞായറാഴച  തർക്കത്തിനിടെ സ്ത്രീയെ എയർ ഗൺ കൊണ്ട് തലയ്ക്കടിച്ചു, പിന്നീട് പുഴയിൽ ചാടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വൈപ്പിൻ സ്വദേശിയായ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നൈറ്റോ വിവാഹിതനല്ല. ഇയാളുടെ മൃതദേഹം സംസകരിച്ചു.