Asianet News MalayalamAsianet News Malayalam

പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന് യൂത്ത് കോൺ​ഗ്രസ്; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട

പിണറായി സർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ യൂത്ത് കോൺ​ഗ്രസ് നടത്തും. സർക്കാരിലെ അഴിമതികൾ പാർട്ടി പുറത്ത് കൊണ്ടുവരും.

youth congress demands change in leadership
Author
Thiruvananthapuram, First Published Jan 3, 2021, 5:51 PM IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് തലമുറ മാറ്റത്തിനുള്ള വേദിയാക്കി മാറ്റണമെന്ന ആവശ്യവുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. തദ്ദേശതെര‍ഞ്ഞെടുപ്പിൽ ചെറുപ്പക്കാരെ മത്സരിപ്പിച്ച ഇടങ്ങളിൽ പാർട്ടി നേട്ടമുണ്ടാക്കിയെന്നും യുവത്വത്തിന് അവസരം കൊടുത്താൽ അതുപാഴായി പോകില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡൻ്റ് കെ.എസ്.ശബരീനാഥും പറഞ്ഞു. മലമ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. 

പിണറായി സർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ യൂത്ത് കോൺ​ഗ്രസ് നടത്തും. സർക്കാരിലെ അഴിമതികൾ പാർട്ടി പുറത്ത് കൊണ്ടുവരും. തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറാനുള്ള യൂത്ത് കോൺ​ഗ്രസിൻ്റെ നിർദേശങ്ങൾ കോൺ​ഗ്രസിന് മുന്നിൽ അവതരിപ്പിക്കും. 

വിമർശനങ്ങൾ സ്വീകരിച്ച് യുവത്വം നയിക്കുന്ന പാനലാവണം നിയമസഭാ തെരഞ്ഞെടുപ്പിൽ വരേണ്ടത്. യുഡിഎഫ് അധികാരത്തിൽ വരാൻ ഇതാവശ്യമാണ്. യോ​ഗത്തിൽ യൂത്ത് കോൺ​ഗ്രസ് നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനുമെതിരെ ക്രിയാത്മകമായ വിമർശനങ്ങളുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനം അർഹിച്ച വിജയം നേടിയില്ല എന്ന പൊതുവിമർശനം യോ​ഗത്തിലുണ്ടായി. 

എല്ലാ ജില്ലകളിലും പുതുമുഖങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് നേരിടണം. യുവാക്കൾക്ക് അവസരം നൽകിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോർട്ട് നേതൃത്വത്തിന് നല്കും. പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ വൈകുന്നത് തോൽവിക്ക് കാരണമായെന്ന വിമർശനം യൂത്ത് കോൺ​ഗ്രസിൽ ഉയർന്നു. സ്ഥാനാർത്ഥികളുടെ ഏജ് ഓഡിറ്റിന്  യൂത്ത് കോൺ​ഗ്രസ് തയ്യാറെടുക്കുകയാണ്. 

ഗ്രൂപ്പ് മറന്നുള്ള പ്രവർത്തനമാണ് ഇനി വേണ്ടത്. യുവ മുന്നേറ്റം ആണ് വേണ്ടത്. ജനുവരി 11 ന് തിരുവനന്തപുരത്ത്  യൂത്ത് കോൺഗ്രസിൻ്റെ വിപുലമായയോ​ഗം നടക്കും. യുവഎംഎൽഎമാരും എംപിമാരും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളേയും തിരുവനന്തപുരത്തേക്ക് വിളിപ്പിക്കും.

​ഗ്രൂപ്പടിസ്ഥാനത്തിലല്ല വിജയസാധ്യത കണ്ടാണ് സ്ഥാനാർത്ഥി നിർണയം വേണ്ടത്. കോൺ​ഗ്രസിൽ തലമുറമാറ്റം അനിവാര്യമാണ്. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ല.  അവനവൻ്റെ പാ‍ർലമെൻ്റ് മണ്ഡലത്തിൽ പരാജയപ്പെട്ട സ്ഥലങ്ങളിൽ പാ‍ർട്ടിയും മുന്നണിയും തിരിച്ചു വരാനാണ് എംപിമാ‍ർ ശ്രമിക്കേണ്ടത്. കോൺ​ഗ്രസ് ഭരണത്തിൽ ചില വകുപ്പുകൾ പാർട്ടി തന്നെ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം യോ​ഗത്തിൽ ഉയ‍ർന്നിട്ടുണ്ട്. 

അ‌ടിയന്തര അഴിച്ചു പണി വേണ്ടത് പാർട്ടിയുടെ സമീപനത്തിലാണ്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു അതിനുള്ള മുന്നൊരുക്കത്തിലും പാ‍ർട്ടിയുടെ നിലപാടും സമീപനവും മാറണം. കോൺ​ഗ്രസിലെ 18 എംപിമാ‍ർ ചേർന്ന് അവരുടെ നിയന്ത്രണത്തിലുള്ള 126 നിയോജകമണ്ഡലത്തിൽ വിജയിക്കാൻ നേതൃത്വം കൊടുക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിൽ തീരുമാനം വ്യക്തമാക്കേണ്ടത് മുസ്ലീം ലീ​ഗാണ്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഉയ‍ർന്ന വിമർശനങ്ങളും അഭിപ്രായങ്ങളും എഐസിസി പ്രതിനിധി താരിഖ് അൻവറിനെ നേരിൽ കണ്ട് അറിയിക്കുമെന്നും ഷാഫിയും ശബരീനാഥും വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios