പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്രയ്ക്ക് തുടക്കമായി. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്യും.
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ധീര സ്മൃതി യാത്രയ്ക്ക് തുടക്കമായി. കല്ല്യോട്ടെ ഇരുവരുടേയും സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളാണ് ചിതാഭസ്മം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കൂര്യക്കോസിന് കൈമാറിയത്.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്യും. അതേസമയം, ഇന്ന് വൈകുന്നേരമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. നാലുമണിക്ക് പെരിയയിൽ നടക്കുന്ന പരിപാടിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തോടെ പ്രതിരോധത്തിലായ സിപിഎം 12 ദിവസത്തിന് ശേഷമാണ് പ്രത്യക്ഷ രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നത്.
സ്ഥലത്ത് വൻ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന അടക്കം പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പീതാംബരനേയും രണ്ടാം പ്രതി സജി ജോർജിനേയും മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
