തിരുവനന്തപുരം: തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പിഎസ്സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

സമരസ്ഥലത്തേക്കെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസേരകൾ വലിച്ചെറിയുകയും തമ്മിൽ തല്ലുകയുമായിരുന്നു.വെഞ്ഞാറമ്മൂട് ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധക്കാരില്‍ ചിലരാണ് പിഎസ്‍സി ഓഫീസിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമര സ്ഥലത്തേക്ക് എത്തിയത്. ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയും കല്ലേറുമുണ്ടായി. സമരസ്ഥലത്തുണ്ടായിരുന്ന കസേരകളും വലിച്ചെറിഞ്ഞു.

സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. കൂടുതൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‍സി ഓഫിസിന് മുന്നിൽ  സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എംഎൽഎയെയും ശബരീനാഥ് എംഎൽഎയെയും  അറസ്റ്റ് ചെയ്തു നീക്കി.