സംഭവത്തിൽ കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച കേസ് സിബിഐക്ക് കൈമാറാൻ സാധ്യത. സംസ്ഥാനത്ത് മുഴുവൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. റിപ്പോർട്ട് ഡിജിപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപി നൽകും. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പ്രാഥമികമായുള്ള വിവരങ്ങള്‍ ശേഖരിച്ചു അന്തിമഘട്ട പരിശോധനയിൽ പുറത്തായവർ വ്യാജ കാർഡുകള്‍ നൽകിയെന്നാണ് പൊലിസ് നിഗമനം. തിരുവനന്തപുരം ജില്ലയിൽ മാത്രം 7000ത്തിലധികം പേരുടെ അംഗത്വം നഷ്ടമായിട്ടുണ്ട്. വ്യാജ കാർഡുകള്‍ ആരെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്ന വ്യക്തമാകാൻ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വിത്ത് എൻവൈസി എന്ന ആപ്പിൽ നിന്നുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കണം.

സർവ്വറിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് പൊലിസ് നോട്ടീസ് നൽകി. ഗൗരവമായ ക്രമക്കേടെന്നാണ് പൊലീസിൻെറ നിഗമനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണനും പൊലിസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ കോടതിയിലെതതാനുള്ള സാധ്യത പൊലിസ് മുന്നിൽ കാണുന്നുണ്ട്. കേരളത്തിൽ നടന്നുപോലെയുള്ള തട്ടിപ്പ് മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കാനിടയില്ല. അപ്പോള്‍ സംസഥാന സർക്കാരിനും സിബിഐ അന്വേഷണവുമായി യോജിക്കേണ്ടിവരും.

ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് തൻെറ തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി മൂവാറ്റുപ്പുഴ സ്വദേശി ജുവൈസ് മുഹമ്മദ് പൊലിസിൽ പരാതി നൽകിയത്. തട്ടിപ്പിന് ഇരയായ ആള്‍ പരാതി നൽകിയത് അന്വേഷണത്തിൽ നിർണാകമാകുമെന്ന് പൊലിസ് പറയുന്നു. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻെറ മൊഴിയും പലിസ് രേഖപ്പെടുത്തി. കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നൽകിയവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തും.