ജില്ലകളിൽ കെസി ഗ്രൂപ്പിന് വൻ മുന്നേറ്റം, നഷ്ടം എ ക്ക്, കണ്ണൂരിൽ സുധാകര പക്ഷത്തിന് തിരിച്ചടി, തൃശൂരിൽ നേട്ടം
കെ സി ഗ്രൂപ്പ് 4 ജില്ലകളാണ് പിടിച്ചെടുത്തത്. കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളാണ് കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പമുള്ളത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കെ സി ഗ്രൂപ്പിനാണ് ഇക്കുറി വൻ മുന്നേറ്റം. കെ സി ഗ്രൂപ്പ് 4 ജില്ലകളാണ് പിടിച്ചെടുത്തത്. കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളാണ് കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പമുള്ളത്. ഇക്കുറി വലിയ നഷ്ടം സംഭവിച്ചത് എ ഗ്രൂപ്പിനാണ്. എ ഗ്രൂപ്പിന് 5 ജില്ലാ അധ്യക്ഷന്മാരെ ജയിപ്പിച്ചെടുക്കാൻ സാധിച്ചെങ്കിലും കയ്യിലിരുന്ന ജില്ലകൾ പലതും നഷ്ടമായി. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലാണ് എ ഗ്രൂപ്പ് പക്ഷത്തുള്ളവർ ജില്ലാ അധ്യക്ഷ സ്ഥാനം സ്വന്തമാക്കിയത്.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍
അതേസമയം സുധാകരന്‍റെ സ്വന്തം തട്ടകമായ കണ്ണൂരിൽ സുധാകര പക്ഷത്തിന് തിരിച്ചടി നേരിട്ടു. സുധാകര പക്ഷത്ത് നിന്നുള്ള ഫര്‍സീൻ മജീദ് ഇവിടെ പരാജയപ്പെട്ടു. എ ഗ്രൂപ്പിലെ വിജിൽ മോഹനനാണ് ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽ തിരിച്ചടി നേരിട്ടെങ്കിലും തൃശ്ശൂരിൽ കരുത്തുകാട്ടനായത് സുധാകരൻ പക്ഷത്തിന് ആശ്വാസമേകുന്നതാണ്. എറണാകുളത്തെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാന യൂത്ത് കോൺഗ്രസിനെ ഇനി രാഹുൽ മാങ്കൂട്ടത്തിലാകും നയിക്കുക. അബിന്‍ വര്‍ക്കിയും അരിതാ ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി സംസ്ഥാന ഉപാധ്യക്ഷന്മാരായി.സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമര സംഘടനയായി യൂത്ത് കോൺഗ്രസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അവസാനമായെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം. പതിവ് തെറ്റിച്ചില്ല, അമ്പതിനായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് തന്നെ അധ്യക്ഷ പദവി നേടി. സാധുവായ 5,11,489 വോട്ടുകളിൽ രാഹുലിന് 2,21,986 വോട്ടുകൾ കിട്ടി. ഐ ഗ്രൂപ്പുകാരനായ അബിൻ വർക്കിക്ക് 1,68,588 വോട്ടുകളും കെ സി വേണുഗോപാല്‍ പക്ഷത്തെ അരിത ബാബു 31,930 വോട്ടും പിടിച്ചു. ദേശീയ നേതൃത്വം, അഭിമുഖം നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം