Asianet News MalayalamAsianet News Malayalam

യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ വിവാദം: രാജ്യത്തിന്‍റെ സ്വകാര്യത അപകടപ്പെടുത്താന്‍ നീക്കമെന്ന് മുഖ്യമന്ത്രി

ഒരേ പാർട്ടിയിൽ പെട്ടവർ അതിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇത് പോലെ നെറികെട്ട രീതിയിലുള്ള ക്രിമിനൽ സ്വഭാവം ആണ് സ്വീകരിക്കുന്നത്. അവർ രാഷ്ട്രീയ എതിരാളികളോട് എന്ത് സമീപനം ആകും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി

Youth Congress Forgery Controversy CM Pinarayi says the move will endanger the privacy of country SSM
Author
First Published Nov 19, 2023, 10:00 PM IST

കാസര്‍കോട്: യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം അവർ തന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വകാര്യതയെ കടുത്ത രീതിയിൽ അപകടപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. വോട്ടർ പട്ടികയിൽ നിന്നും ഹാക്കർമാരെ ഉപയോഗിച്ച് വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കിയിരിക്കുന്നു. ഒരേ പാർട്ടിയിൽ പെട്ടവർ അതിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇത് പോലെ നെറികെട്ട രീതിയിലുള്ള ക്രിമിനൽ സ്വഭാവം ആണ് സ്വീകരിക്കുന്നത്. അവർ രാഷ്ട്രീയ എതിരാളികളോട് എന്ത് സമീപനം ആകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് ഈ സംഭവം കാണുന്നത്. കോൺഗ്രസിന്‍റെ അധഃപതനം ആണ് ഇത് കാണിക്കുന്നത്. നാടിന് അപമാനകരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

അതേസമയം നവകേരള സദസില്‍ പരാതി പ്രവാഹം തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ ഇന്ന് നാല് മണ്ഡലങ്ങളിലായി നടന്ന നവകേരള സദസില്‍  7500ലധികം പരാതികളാണ് ലഭിച്ചത്. കാസർകോട്,  ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ നവകേരള സദസ്. നാളെ കണ്ണൂരിലെ പയ്യന്നൂരിൽ ആണ് ആദ്യ നവകേരള സദസ്. സിപിഎം സ്വാധീന മേഖലകളിലേക്ക് കടന്നതോടെ കൂടുതൽ ജന പങ്കാളിത്തമാണ് യാത്രയ്ക്ക് ഉണ്ടായത്.

'കേന്ദ്രത്തിന്‍റെ പിടിവാശിയിൽ മുട്ട് മടക്കാനാകില്ല,ബിജെപിയെ നോവിക്കുന്നത് കോൺഗ്രസിന് ഇഷ്ടമല്ല': മുഖ്യമന്ത്രി

പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ച് പ്രശ്ന പരിഹാരം തേടാന്‍ നിരവധി പേരാണ് നവകേരള സദസിലെത്തുന്നത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ വരെയുള്ള ആവശ്യങ്ങൾക്കായാണ് പലരും എത്തിയത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അനുഭവിക്കുന്ന പല ദുരിതങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പാട് പെടുന്നവര്‍, സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർ, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിൽ കുടുങ്ങിയവർ അങ്ങനെ പ്രതിസന്ധികൾക്കൊക്കെ പരിഹാരം പ്രതീക്ഷിച്ചാണ് നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് ആളുകളെത്തുന്നത്. 

ഓരോ നവകേരള സദസിന്റെ വേദിക്ക് സമീപവും വിവിധ കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർക്കാണ് കൗണ്ടറുകളുടെ ചുമതല. പരാതികൾ കളക്ടറേറ്റിൽ എത്തിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. ജില്ലാതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ ഒരു മാസത്തിനകം തീർപ്പുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ചയ്ക്കകം പരാതിക്കാർക്ക് ഇടക്കാല മറുപടി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios