രാങ്ങാട്ടൂര്‍ സ്വദേശി മുഹമ്മദ് റാഷിദാണ് നാട്ടിലെത്തി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വിജയിച്ച മണ്ഡലം പ്രസിഡന്‍റ് ആരാണെന്നറിയാതെ പ്രവര്‍ത്തകര്‍ കുഴങ്ങിയത് സംഘടനയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും അജ്ഞാതനായി തുടര്‍ന്ന മലപ്പുറം കുറ്റിപ്പുറം മണ്ഡലം പ്രസിഡന്‍റ്
ഒടുവില്‍ ചുമതലയേറ്റു. രാങ്ങാട്ടൂര്‍ സ്വദേശി മുഹമ്മദ് റാഷിദാണ് നാട്ടിലെത്തി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വിജയിച്ച മണ്ഡലം പ്രസിഡന്‍റ് ആരാണെന്നറിയാതെ പ്രവര്‍ത്തകര്‍ കുഴങ്ങിയത് സംഘടനയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലേയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കുറ്റിപ്പുറത്തെ പ്രവര്‍ത്തകരെപ്പോലെയൊരു ആശയക്കുഴപ്പമുണ്ടായിക്കാണില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദിനെ തപ്പി ചില്ലറ നടപ്പല്ല അവര്‍ നടന്നത്. ഒടുവില്‍ എല്ലാവരും അന്ന് തപ്പി നടന്ന മുഹമ്മദ് റാഷിദ് കുറ്റിപ്പുറത്തെത്തി. മണ്ഡലം പ്രസി‍ഡന്‍റ് സ്ഥാനവും ഏറ്റെടുത്തു.

വലിയ പ്രവര്‍ത്തന പാരമ്പര്യമൊന്നുമില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പദവി ആഗ്രഹിച്ച് നേടിയത് തന്നെയാണെന്ന് റാഷിദ് പറയുന്നു. പ്രവാസിയായ റാഷിദ് കുറച്ച് കാലമായി ബംഗളൂരുവിലാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉടന്‍ ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് റാഷിദ് നാട്ടിലെത്തി മണ്ഡലം പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്. അതേസമയം, റാഷിദിന്‍റെ സ്ഥാനാരോഹണം രഹസ്യമായി നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്‍റ് പി പി മുസ്തഫ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായ മുസ്തഫയെ തോല്‍പ്പിച്ചാണ് റാഷിദ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. മലപ്പുറം ജില്ലയില്‍ എ പി അനില്‍കുമാറും വി എസ് ജോയിയും നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് വേദികളിലൊന്നും ഇതുവരെ ഇല്ലാതിരുന്ന മുഹമ്മദ് റാഷിദിനെ അവസാന നിമിഷം നിര്‍ത്തി വിജയിപ്പിച്ചതെന്നായിരുന്നു എതിര്‍വിഭാഗത്തിന്‍റെ ആരോപണം.