Asianet News MalayalamAsianet News Malayalam

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ സിപിഎം കൗണ്‍സിലറും സംഘവും വീട്ടിൽ കയറി ആക്രമിച്ചു

ഇന്നലെ രാത്രി പതിനൊന്നര മണിയോടെ ബൈജു അടക്കം മൂന്ന് പേ‍ര്‍ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിൻ്റെ വീട്ടിലെത്തികയും മനുവിനേയും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആൻ്റോ ആൻ്റണിയേയും ആക്രമിക്കുകയുമായിരുന്നു. 

Youth congress leader attacked BY CPIM Councilor
Author
Kottayam, First Published Aug 12, 2022, 11:08 AM IST

കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി പി എം പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് മെമ്പര്‍ ബൈജു അടക്കം മൂന്ന് പേരാണ് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടിൽ കയറി ആക്രമിച്ചത്. 

ഇന്നലെ രാത്രി പതിനൊന്നര മണിയോടെ ബൈജു അടക്കം മൂന്ന് പേ‍ര്‍ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിൻ്റെ വീട്ടിലെത്തികയും മനുവിനേയും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആൻ്റോ ആൻ്റണിയേയും ആക്രമിക്കുകയുമായിരുന്നു. . ആക്രമണത്തെ തുട‍ര്‍ന്ന് മനു കുമാ‍ര്‍ പൊലീസിനെ ബന്ധപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനേയും അദ്ദേഹം ഫോണിൽ വിവരമറിയിച്ചു. ഷാഫി പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുട‍ര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും, പുല‍ര്‍ച്ചെ ഒന്നരയോടെ അറുപതോളം സിപിഎം പ്രവര്‍ത്തക‍ര്‍ സ്ഥലത്ത് എത്തി പൊലീസ് സാന്നിധ്യത്തിൽ വീണ്ടും മനുകുമാറിനേയും ആൻ്റോ ആൻ്റണിയേയും ആക്രമിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

അതേസമയം പൊലീസിൻ്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ രാത്രിയിൽ ആക്രമണം നടന്നു എന്ന യൂത്ത് കോണ്‍ഗ്രസ് ആരോപണം പൊലീസ് തള്ളുന്നു. സ്ഥലത്ത് മതിൽ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് സംഘ‍ര്‍ഷമുണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ മനു കുമാറും ആൻ്റോ ആൻ്റണിയും നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആൻ്റോ ആൻ്റണിയുടെ ദേഹാമാസകലം അടിയേറ്റിട്ടുണ്ട്. ഇയാളുടെ തലയിലും പരിക്കുണ്ട്. 

സംഭവത്തിൽ സിപിഎം പഞ്ചായത്ത് മെമ്പര്‍ ബൈജു അടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പഞ്ചായത്തംഗം ബൈജു , സുനിൽ, മിജു എന്നിവർക്കെതിരെയാണ് കേസ്. 

Follow Us:
Download App:
  • android
  • ios