Asianet News MalayalamAsianet News Malayalam

സിപിഎം വ്യാജവോട്ട് വിദഗ്ദ്ധർ, പിണറായി രക്ഷക‍ര്‍ത്താവെന്നും കെസി; മുഖ്യമന്ത്രി ചതിയനെന്ന് വിഡി സതീശൻ

ദുർഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ദൗത്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കണമെന്ന് കെ സി  വേണുഗോപാൽ

Youth congress leaders took charge in Kerala kgn
Author
First Published Dec 1, 2023, 7:30 PM IST

കൊച്ചി: യൂത്ത് കോൺഗ്രസ് പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമ‍ര്‍ശനത്തിനുള്ള വേദിയാക്കി കോൺഗ്രസ് നേതാക്കൾ. വ്യാജ ഐഡി ഉപയോഗിച്ച സംഭവത്തിൽ ആരോപണമുനയിൽ നിൽക്കുമ്പോൾ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു നേതാക്കളുടെ വിമ‍ര്‍ശനം. 

ദുർഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ദൗത്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കണമെന്ന് കെ സി  വേണുഗോപാൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. വ്യാജ വോട്ടുകളുടെ വിദഗ്ദ്ധര്‍ സിപിഎമ്മാണ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പാകപ്പിഴ ഉണ്ടെങ്കിൽ പരിശോധിക്കും. ഇവിടെ എല്ലാം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാജ വോട്ടിന്റെ രക്ഷക‍ര്‍ത്താവാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലം എന്തായാലും കോൺഗ്രസ് മികച്ച വിജയം നേടും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 ൽ 20 സീറ്റും നേടാൻ  പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വ്യാജ വാർത്തകളുടെ പേരിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ മഹത്വം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഷാഫി പറമ്പിൽ പറഞ്ഞു. പുതിയ നേതൃത്വതെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും ഒരുമിച്ചു നിന്നാൽ നല്ല തീരുമാനങ്ങൾ പാർട്ടിയെ കൊണ്ട് എടുപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ഏറ്റുമുട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ ശക്തി ഇല്ലാതാക്കരുത്. 

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ എതിർപ്പ് രാഹുൽ ഗാന്ധിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പക്ഷേ ആരുടെയും ശുപാർശയില്ലാതെ യൂത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് വരാനുള്ള അവസരമാണ് ഒരുക്കിയത്. ആരുടെയും പെട്ടി പിടിക്കാതെ തിരഞ്ഞെടുപ്പിലൂടെ യുവാക്കൾക്ക് നേതൃനിരയിലേക്ക് എത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരമില്ലെങ്കിൽ അത് പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം അല്ലെന്ന പുതിയ വാദം ഉയരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂത്ത് കോൺഗ്രസുകാരെ കൊലയ്ക്ക് കൊടുക്കാനുള്ള ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ല. സമരം ചർച്ചയാണ്, അഭിപ്രായപ്രകടനമാണ്, എതിർപ്പ് അറിയിക്കലാണ്.  ഒരിക്കൽപോലും സമരം ചെയ്യാത്തവരാണ് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിനെ വിമർശിക്കുന്നത്. സമരം ചെയ്യേണ്ട കാര്യങ്ങൾക്ക് സമരം ചെയ്യും. രാഷ്ട്രീയം എന്നത് തെരുവിൽ ഇറങ്ങി സമരം ചെയ്യൽ മാത്രമല്ല. എല്ലാ ദിവസവും തെരുവിൽ സമരം ചെയ്തില്ലെങ്കിൽ രാഷ്ട്രീയമില്ലെന്ന നിലപാടിനോട് വ്യക്തിപരമായി വിയോജിപ്പ്. 

പിന്നീട് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ഒരു ചതിയനാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം നിയമിച്ചിട്ട് എല്ലാം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയും നേതാക്കളും ഗവർണറെ ചതിച്ചു. പിണറായി വിജയൻ ഒരു ദിവസം പോലും ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയും കൂട്ടരും ഗവർണറോട് ചെയ്തത് നഗ്നമായ ചതിയാണെന്നും വിഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios