തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടിറങ്ങിയ കേരളാ സര്‍വ്വകലാശാല വൈസ്‍ചാന്‍സിലര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. വൈസ്‍ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ളയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു. കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വി പി മഹാദേവന്‍ പിള്ള രാജ്‍ഭവനിലെത്തിയത്.

ഗവര്‍ണറെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. വൈസ്‍ചാന്‍സിലറുടെ കാര്‍ അഞ്ചുമിനിറ്റോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വൈസ്‍ചാന്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.  ഈ സമയത്ത് ആവശ്യത്തിന് പൊലീസുകാര്‍ സുരക്ഷയ്ക്കുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രവര്‍ത്തകരുടെ വലയം ഭേദിച്ച് വിസിയെ കാറില്‍ പുറത്തെത്തിക്കുകയായിരുന്നു.വിസിയെ തടഞ്ഞ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെ പൊലീസുമായി വാക്കറ്റേമുണ്ടായി. ഇതോടെ വെള്ളയമ്പലത്ത് ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി.