ലഹരിക്കെതിരായ ക്യാംപെയിന്‍റെ ഭാഗമായി നിരവധി കലാപരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
തിരുവനന്തപുരം: ലഹരിക്കെതിരെ ക്യാംപെയിന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. കിക്ക് ഓഫ് എന്ന പേരില്‍ ലഹരിക്കെതിരെ ഫുട്ബോള്‍ ടൂർണമെന്‍റ് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്യാംപെയിന്‍റെ ഭാഗമായി നിരവധി കലാപരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ലൈവത്തോണിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.
കേരളത്തിലെ 140 നിയോജക മണ്ഡല തലത്തിലും പ്രാദേശികമായി പഞ്ചായത്ത് തലത്തില്‍ മത്സരങ്ങള്‍ നടത്തും. നിയോജക മണ്ഡല തലത്തില്‍ വിജയികളാകുന്നവരെ ജില്ല അടിസ്ഥാനത്തിലും മത്സരം നടത്തും. ലക്ഷക്കണത്തിന് കളിക്കാര്‍ക്ക് ഈ ക്യാംപെയിന്‍റെ ഭാഗമായി പങ്കെടുക്കാന്‍ കഴിയും കാണികള്‍ ഉണ്ടാവും. ലഹരി വിരുദ്ധ ക്യാംപെയിനായിട്ടായിരിക്കും ടൂർണമെന്‍റ് നടത്തുക. ജീവിത്തിലേക്ക് കിക്ക് ഓഫ് ചെയ്യുകയും ലഹരിയെ കിക്ക് ഔട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ക്യാംപെയിന്‍റെ ഉദ്ദേശം. ചെറുപ്പക്കാരുടെ ചിന്തകളെ വഴി തിരിച്ച് വിടുക എന്നതാണ് ക്യാംപെയിന്‍റെ ലക്ഷ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ലൈവത്തോണിൽ വി വസീഫ്
വർഷങ്ങളായി ലഹരിക്കെതിരെ ഡിവൈഎഫ്ഐ പോരാടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മദ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയവരാണ് ഞങ്ങളെന്നും സെ നോട്ട് ടു ആൽക്കഹോൾ എന്ന മുദ്രാവാക്യം നിരന്തരം മുഴക്കിയവരാണെന്നും വസീഫ് പറയുന്നു. ലഹരിക്കെതിരെ വർഷങ്ങളായി നടത്തിവരുന്ന ക്യാംപെയിനാണ് ജനകീയ കവചം. 25000 യൂണിറ്റ് കേന്ദ്രങ്ങളിൽ പരാമവധി ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ചങ്ങല സൃഷ്ടിച്ചിരുന്നു. 2വർഷമായി ഇത് തുടങ്ങിയിട്ട്. ഇതിൻ്റെ തുടർച്ചയായി ലഹരിയാവാം കളിയിടങ്ങളോട് ക്യാംപെയിൻ നടത്തി. നേതാക്കൻമാർ പങ്കെടുക്കുന്ന മത്സരങ്ങൾ ലഹരിക്കെതിരെ പോരാട്ടം നടത്താൻ ഗ്രൗണ്ടിൽ വെച്ച് തന്നെ പ്രതിജ്ഞ ചൊല്ലാനുള്ള വലിയ ഇടമാക്കി മാറ്റി. 211 കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ നടത്തി. ഇനിയും നടത്താൻ ശ്രമിക്കുകയാണെന്നും വസീഫ് പറഞ്ഞു.
