താന്‍ മദ്യപിക്കുന്ന ആളല്ലെന്നും ഇ പി ജയരാജന്‍റെ പേര് പറയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും ആശുപത്രിയില്‍ നിന്ന് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ് പറയുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈദ്യ പരിശോധന വൈകുന്നു. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും ഇ പി ജയരാജന്‍റെ പേര് പറയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും ആശുപത്രിയില്‍ നിന്ന് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ അസാധാരണ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദും ജില്ലാ സെക്രട്ടറി ആർ കെ നവീനും നടത്തിയത്.
കണ്ണൂരിലെ യാത്രകളിൽ വഴിനീളെയുണ്ടായ പ്രതിഷേധങ്ങൾക്ക് പുറകെയാണ് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിനുള്ളിൽ ഫർസീൻ മജീദും ജില്ലാ ആർ കെ നവീനും എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുന്നത് കാണാം. തൊട്ടുപിന്നാലെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഇ പി ജയരാജനെത്തുന്നതും ഇരുവരെയും തള്ളിവീഴ്ത്തുന്നതും വ്യക്തമാണ്. തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സംഭവം ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച ഇപി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് കുറ്റപ്പെടുത്തി.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പ്രതിഷേധിച്ചവരെ വിമാനത്തിലെ ജീവനക്കാരും സിഐഎസ്എഫും പിടികൂടിയിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാൻ ഓരോരുത്തരെയും പരിശോധിച്ചാണ് പൊലീസ് കടത്തിവിട്ടിരുന്നത്. സിഐഎസ്എഫിന്‍റെയും പരിശോധന കടന്നാണ് ഇരുവരും വിമാനത്തിൽ കയറിയത്. വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സിഐഎസ്എഫിൽ നിന്നും റിപ്പോർട്ട് തേടിയാകും പൊലീസ് തുടർ നടപടി സ്വീകരിക്കുക. അതേസമയം ഇ പി ജയരാജനെതിരെ പരാതി നൽകാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം.
