കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ നിയമനടപടിയിൽ ഡിജിപി ലോക്നാഥ് ബെഹ്റക്ക് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാൻ  ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

'ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി' എന്ന ബോർഡുമായിട്ടായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി ഡിജിപിക്കെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു. ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നുവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട്  ബെഹ്റ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കത്തിൽ സർക്കാർ അനുമതിയും നല്‍കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയത്.

അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.