കോഴിക്കോട്: വടകരയിൽ മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പന്ത്രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്‍സിറ്റി കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് കെഎസ് യു  പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. 

ഇതേത്തുടര്‍ന്ന് വൻ ഗതാഗത തടസം ഉണ്ടായി. എറണാകുളത്തും കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടായി. പ്രവര്‍ത്തകര‍് എംജി റോഡ് ഉപരോധിച്ചു. എറണാകുളം എംഎൽഎ ടി ജെ വിനോദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ  നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് വരിക്കാതെ പ്രവർത്തകർ പ്രതിരോധിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിൽ ടയർ കൂട്ടി കത്തിച്ചു.