കണ്ണൂർ: ലോക്ക് ഡൗൺ വിരസത അകറ്റാൻ കെട്ടിടത്തിന് മുകളിൽ കയറി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ മേൽക്കൂര തകർന്നുവീണ് 26 കാരന്റെ നട്ടെല്ലൊടിഞ്ഞു. കണ്ണൂർ ധർമ്മശാലയിലെ പ്ലൈവുഡ് കമ്പനിക്ക് മുകളിൽ കയറിയ അർജുനാണ് താഴെവീണ് ഗുരുതരമായി പരിക്കേറ്റത്.

പ്ലൈവുഡ് ഫാക്ടറിയുടെ മുപ്പതടി ഉയരത്തിലുള്ള മേൽക്കൂരയ്ക്ക് മുകളിലേക്ക്, കെട്ടിടത്തിന്റെ പുറത്തെ ചുമരിലൂടെയാണ് അർജുൻ വലിഞ്ഞ് കയറിയത്. പുതിയ ടിക്ടോക്ക് വീഡിയോയിൽ പ്രദേശത്തിന്റെ മൊത്തം ദൃശ്യം പതിയാനായിരുന്നു യുവാവിന്റെ ഈ കൈവിട്ട കളി. മേൽക്കൂരയിലൂടെ നടന്ന് വീഡിയോ എടുക്കുന്നതിനിടെ ആസ്ബറ്റോസ് പൊളിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. 

പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തു. ഒരാഴ്ചയായി ഒരേ കിടപ്പാണ്. എഴുന്നേറ്റുനടക്കാൻ മാസങ്ങളെടുക്കും. അസമിൽ നിന്നും ഒരു കൊല്ലം മുമ്പാണ് ധർമ്മശാലയിലെ ശേരോ പ്ലൈവുഡ് കമ്പനിയിൽ അർജുൻ ഗൊഗോയ് ജോലിക്ക് വന്നത്. കമ്പനിക്കകത്തെ കെട്ടിടത്തിലായിരുന്നു താമസം.