അബദ്ധത്തിൽ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂർവം നൽകിയതാണോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. ദുരൂഹതകൾ നീക്കാൻ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചതായി റൂറൽ എസ്.പി. ജി.പൂങ്കുഴലി പറഞ്ഞു.

തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂർവം നൽകിയതാണോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. ദുരൂഹതകൾ നീക്കാൻ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചതായി റൂറൽ എസ്പി ജി പൂങ്കുഴലി പറഞ്ഞു.

ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്റെ മകന്‍ ബിജു (42) എന്നിവർ കഴിഞ്ഞ ദിവസം രാത്രിയാണ് വിഷ ദ്രാവകം കഴിച്ചത്. മദ്യത്തിൽ ഫോർമാലിൻ ഒഴിച്ചാണ് നിശാന്ത് കഴിച്ചിട്ടുള്ളത്. ബിജുവാകട്ടെ വെള്ളം കൂട്ടിയാണ് ഫോർമാലിൻ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങൾ വെന്തനിലയിലാണ്. 

കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കോഴിക്കടയിൽ സൂക്ഷിച്ച ഫോർമാലിൻ വെള്ളമാണെന്ന് കരുതി കഴിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോർമാലിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഫോർമാലിൻ ഒഴിച്ചാൽ മദ്യത്തിന് വീര്യം കൂടുമോയെന്ന് ആരെങ്കിലും പറഞ്ഞതാണോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.