എടപ്പാളിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് പട്ടാമ്പി സ്വദേശിയായ സിബിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂര്‍ ചിരങ്ങന്‍തൊടി വീട്ടില്‍ സിബിൻ്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.

എടപ്പാളില്‍വെച്ചാണ് സിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായ പരിശോധനയ്ക്കിടെയാണ് പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് പൊതി കണ്ടെത്തി. ഇത് ലഹരിമരുന്നാണെന്ന് ഡോക്‌ടർക്ക് സംശയം തോന്നി. വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി. പൊതിയിലുള്ളത് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത്, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

എംഡിഎംഎ ലഭിച്ചത് എവിടെ നിന്ന്, ലഹരിമരുന്ന് വിൽപ്പനയാണോ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങളടക്കം പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയുടെ യാത്രാവിവരങ്ങളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടത്തിൽ പ്രതിക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇയാൾ ചികിത്സയിൽ തുടരുകയാണ്.