മലപ്പുറം: സികെ സുബൈറിനെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടി മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ ക്വത്വ കേസ് ഫണ്ടിന്‍റെ പേരില്‍ സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. 

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു സുബൈറിന്‍റെ രാജി. കത്വ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ യൂത്ത് ലീഗ് വിമതനായ യൂസഫ് പടനിലമാണ് പി.കെ.ഫിറോസിനെതിരെ പൊലീസിൽ കേസ് നൽകിയത്. കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു യൂസഫ് പടനിലം യൂത്ത് ലീഗിനെതിരെ ഉന്നയിച്ച ആരോപണം. 

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങൾക്ക് കൃത്യമായി നൽകിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. ബിനീഷ് കോടിയേരി അറസ്റ്റിലായതിന്‍റെ പകപോക്കലാണ് കത്വ ഫണ്ടിന്‍റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ കാരണമെന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരിച്ചിരുന്നു. 

കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് പുറത്ത് വിട്ട കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. നേരിട്ടും വ്യക്തിഗത അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു.