കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എ, മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്  ഉള്‍പ്പടെയുള്ള 100 ഓളം യൂത്ത് ലീഗ് പ്രവത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇതോടെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതോടെയാണ് പി കെ ഫിറോസിന്‍റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നിൽ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവത്തകരെ അറസ്റ്റ് ചെയ്തത്.

രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.