കൊച്ചി: പനമ്പിള്ളി നഗറില്‍ അർദ്ധരാത്രി യുവാക്കള്‍ തമ്മില്‍ സംഘർഷം. ഓണ്‍ലൈന്‍ ആപ്പിലൂടെ വീട് വാടകയ്ക്ക് എടുത്തവരും പുറത്തുനിന്ന് വന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചുതകർക്കുകയും ചെയ്തു. ഇന്നലെ രാത്രി 2 മണിയോടെയാണ് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

റൂം ബുക്ക് ചെയ്ത് താമസിക്കാനെത്തിയവർക്ക് പുറമേ, പുറത്തുനിന്നെത്തിയവരും ഉള്‍പ്പെടെ മുപ്പതോളം യുവാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. സമീപത്തെ വീടുകളിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞും വാഹനങ്ങള്‍ അടിച്ചു തകർത്തും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസിന് നേരെ അസഭ്യവർഷവും നടത്തി.

സംഭവത്തില്‍ എട്ട് പേർക്കെതിരെ തേവര പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എട്ട് പേരെയും ജാമ്യത്തില്‍ വിട്ടു. ഇതേ വീട്ടില്‍ മുമ്പ് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മാലമോഷണക്കേസിലെ ഒരു പ്രതിയെ തൊണ്ടിസഹിതം പിടിച്ചിരുന്നു. സ്ഥലത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.