തിരുവനന്തപുരം: കേരളത്തിലെയെന്നല്ല രാജ്യത്തെ തന്നെ തൊഴില്‍രഹിതര്‍ക്ക് ആശയവും ആവേശവുമായിരുന്ന യുവജനപ്രസ്ഥാനങ്ങളെക്കുറിച്ച് രണ്ട് വാക്ക് പറയാതെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത പണി കിട്ടിയവർ എന്ന ഈ വാർത്ത പരമ്പര അവസാനിപ്പിക്കാനാവില്ല. പറയുന്നതില്‍ കൂടുതലും ഡിവൈഎഫ്ഐയെക്കുറിച്ചാകുന്നത് അവരോളം തൊഴിലില്ലായ്മയെന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ വേറെയില്ലാത്തത് കൊണ്ടാണ്.

തൊഴിലില്ലായ്മ എന്ന് കേട്ടാല്‍ ആദ്യം മനസിലേക്കെത്തുന്നത് നാലക്ഷരങ്ങളാണ് ഡിവൈഎഫ്ഐ. മോശം അര്‍ഥത്തിലല്ല, നല്ല അര്‍ഥത്തില്‍ തന്നെ. തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം എന്ന മുദ്രാവാക്യമുയര്‍ത്തി രൂപം കൊണ്ട സംഘടനയുടെ പിന്‍മുറക്കാര്‍. എ കെ ഗോപാലനുയര്‍ത്തിയ മുദ്രാവാക്യമായിരുന്നു അത്. 

തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് രാജ്യം കേട്ടത് ഡി.വൈ.എഫ്ഐയുടെ മുദ്രാവാക്യങ്ങളിലാണ്. തൊഴിലില്ലായ്മ മുദ്രാവാക്യമാക്കി ഡിവൈഎഫ്ഐ നടത്തിയ സമരങ്ങള്‍ ഓര്‍ത്തെടുക്കാവുന്നതിലും കൂടുതലാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊണ്ടിട്ടുളള ലാത്തിയടികള്‍ക്ക് കയ്യും കണക്കുമില്ല. ഇപ്പോള്‍ പോലും ഗൂഗിളില്‍ അണ്‍എംപ്ലോയ്മെന്റ്, പ്രൊട്ടസ്റ്റ് എന്ന് ടൈപ്പ് ചെയ്താല്‍ ഡിവൈഎഫ്ഐ നടത്തിയ എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ വിവരങ്ങൾ ലഭിക്കും. 

പക്ഷേ കേരളത്തിലെ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ പ്രഹസനമാകുമ്പോൾ ഒന്നാം റാങ്കുകാര്‍ പോലും വഞ്ചിതരാകുമ്പോൾ പിന്‍വാതില്‍ നിയമനങ്ങള്‍ ഇഷ്ടം പോലെ നടക്കുമ്പോൾ, സ്വപ്നമാര്‍ ആറക്ക ശമ്പളം വാങ്ങുമ്പോൾ, അരുണ്‍ ബാലചന്ദ്രന്‍മാര്‍ നമ്മള്‍ കേട്ടിട്ട് പോലുമില്ലാത്ത ഫെല്ലോ പണി ചെയ്ത് കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോൾ ഡിവൈഎഫ്ഐ എന്തു ചെയ്യുകയാണ്.അവര്‍ കഷ്ടപ്പെട്ട്, വളരെ കഷ്ടപ്പെട്ട് ന്യായീകരിച്ച് തകര്‍ക്കുകയാണ്. ഡിവൈഎഫ്ഐയുടെ മാത്രം കാര്യമല്ല, യൂത്ത് കോണ്‍ഗ്രസിനായാലും യുവമോര്‍ച്ചക്കായാലും തൊഴില്‍രഹിതരും ഉദ്യോഗാര്‍ഥികളുമൊക്കെ റോ മെറ്റീരിയല്‍ മാത്രമാണ്. അസംസ്കൃതവസ്തുക്കള്‍.