മലപ്പുറം: മാരകായുധങ്ങളുമായി  ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ  പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവാവിന്‍റെ പരാതി. പൊലീസിനെതിരെ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയുടെ കുടുംബം. ഫുട്ബോൾ ടൂർണമെന്‍റിനെ ചൊല്ലിയുള്ള ചെറിയ തർക്കത്തിന്‍റെ പേരിലാണ് മുഹമ്മദ് റാഫിക്ക് ഇത്ര ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ആഗസ്റ്റ് മാസം 28നായിരുന്നു വാഹനത്തിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി മുഹമ്മദ് റാഫിയെ ആക്രമിച്ചത്.

വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം രക്ഷപെട്ടത്. മരിച്ചെന്ന ധാരണയിലാണ് ആക്രമികൾ പിൻമാറിയതെന്ന് മുഹമ്മദ് റാഫി പറഞ്ഞു. നേരിട്ട് അറിയാവുന്ന പ്രതികളുടെ വിവരങ്ങൾ അടക്കം നൽകിയിട്ടും തിരൂരങ്ങാടി പൊലീസ്  കേസിൽ ശക്തമായ നടപടികളെടുക്കുന്നില്ലെന്നും മുഹമ്മദ് റാഫി പറഞ്ഞു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും തിരൂരങ്ങാടി പൊലീസ് അറിയിച്ചു.