കട്ടപ്പന: കൊവിഡ് നിയന്ത്രങ്ങൾ ലംഘിച്ച് ഇടുക്കി രാമക്കൽമേട്ടിൽ ബൈക്കിൽ കറങ്ങാനെത്തിയ യുവാക്കൾക്കെതിരെ കേസ്. ഏഴ് പേർക്കെതിരെയാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്.

തൊടുപുഴ സ്വദേശികളായ ബിപിൻ,ടോം,അരുണ്,ജിതിൻ,അമൽ, അഫ്സൽ, ചേമ്പളം സ്വദേശി അനീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് ചേമ്പളത്തെത്തിയ യുവാക്കൾ വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിൽ കറങ്ങിനടക്കുകയായിരുന്നു. ഇതുവഴി പട്രോളിങ്ങിന് വന്ന പൊലീസ് ചോദിച്ചപ്പോൾ കുരിശുമല കയറാനെന്ന് കള്ളം പറഞ്ഞു. 

വിശദാംശങ്ങൾ തേടിയപ്പോൾ തെറ്റായ അഡ്രസ് പറഞ്ഞ് പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവാക്കളുടെ കള്ളിപൊളിഞ്ഞു. ഇതോടെ ഇവരെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് കേസെടുക്കുകയയിരുന്നു. പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരമാണ് കേസ്. ഇവരുടെ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾക്കിടെ യുവാക്കൾ കൂട്ടമായി എങ്ങനെ ചേമ്പളത്ത് എത്തി എന്ന് പരിശോധിക്കുകയാണ് പൊലീസ്.