കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും  വാദിച്ചത്.  

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക്  മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.