കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് യൂട്യൂബർ തൊപ്പി. സംഘ്പരിവാറിനെ പേരെടുത്ത് വിമർശിച്ച മുഖ്യമന്ത്രിയെ 'ഇതാണ് സിഎം, ഇങ്ങനെയായിരിക്കണം സിഎം' എന്ന് തൊപ്പി  വിശേഷിപ്പിച്ചു. 

കൊച്ചി: കേരള സ്റ്റോറി രണ്ടാം ഭാ​ഗത്തിനെതിരെ രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് യൂട്യൂബർ തൊപ്പി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റീൽസിലാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. സംഘ്പരിവാറിനെ പേരെടുത്ത് വിമർശിച്ചെന്നും ഇതാണ് സിഎമ്മെന്നും ഇഹ്ങനെയായിരിക്കണം സിഎമ്മെന്നും തൊപ്പി പറയുന്നു. ലക്ഷക്കണക്കിന് പേരാണ് റീൽസ് കണ്ടത്.

കഴിഞ്ഞ ദിവസമാണ് വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2' നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ ചിത്രത്തെ സമൂഹം ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.