കൊച്ചി: പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്ന് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. കുടുംബപരമായി കിട്ടിയതും ഭാര്യയുടെ ശമ്പളത്തില്‍ നിന്നുമായി വാങ്ങിയ സ്വത്തുക്കളും തനിക്കുണ്ട്. പാർട്ടിയുടെ പണം ഉപയോഗിച്ച് താൻ സ്വത്തുക്കൾ വാങ്ങിയിട്ടില്ലെന്നും സക്കീർ ഹുസൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടിക്ക് രേഖാമൂലം പരാതി കിട്ടുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

കളമശ്ശേരിയിലെ സിപിഎം നേതാവിന്‍റെ പരാതിയില്‍ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നിവയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിഎം ദിനേശ് മണി, പിആർ മുരളി എന്നിവർക്കാണ് അന്വേഷണ ചുമതല. 

യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 2016 ഒക്ടോബറില്‍ സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തിരുന്നു.  സംഭവം വിവാദമായതോടെ സക്കീര്‍ ഹുസൈനെ  കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ഇളമരം കരീം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സക്കീര്‍ ഹുസൈന്‍ നിരപരാധിയാണെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ 2017 നവംബറില്‍ സക്കീര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം നടത്തുന്നത്.