ഒരു ദിവസമെങ്കിലും പൊസീറ്റീവ് കേസുകൾ പൂജ്യത്തിലെത്തിയത് ജനങ്ങൾക്കും വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ അഞ്ഞൂറ് കടക്കാനാരിക്കെ ഇന്ന് കേരളത്തിന് താത്കാലിക ആശ്വാസം. സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു ദിവസത്തിലേക്ക് സംസ്ഥാനമെത്തുന്നത്.
മെയ് ദിനമായതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇല്ലായിരുന്നു. കൊവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണക്കറിയാൻ ആകാംക്ഷയോടെ കാത്തിരുന്ന ജനങ്ങൾക്ക് മുന്നിലേക്കാണ് ഇന്ന് പുതിയ കൊവിഡ് രോഗികളില്ലെന്ന് വിവരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ വാർത്താക്കുറിപ്പിലൂടെ എത്തിയത്.
ഇന്നലെ സ്ഥിരീകരിച്ച നാല് കേസുകളോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 497 ആയിരുന്നു. ഇന്നോടെ ആകെ കേസുകളുടെ എണ്ണം അഞ്ഞൂറ് കടന്നേക്കുമോ എന്ന ആശങ്കയ്ക്ക് ഇടയിലാണ് പുതുതായി കൊവിഡ‍് കേസുകളൊന്നും ഇല്ലെന്ന വാർത്ത വരുന്നത്. ഇതോടൊപ്പം ഒൻപത് രോഗികൾക്ക് കൊവിഡ് ഭേദമാകുകയും ചെയ്തതോടെ സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം നൂറിന് താഴേക്ക് പോകുന്നുവെന്ന ശുഭവാർത്തയും ഒപ്പമെത്തി. ഇനി 102 പേർ മാത്രമേ കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ.
മാർച്ച് മാസത്തിൽ പത്തനംതിട്ടയിൽ കൊവിഡ‍് രണ്ടാം ഘട്ടവ്യാപനം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇങ്ങനെ സീറോ പൊസീറ്റീവ് കേസ് എന്ന അവസ്ഥയിലേക്ക് കേരളം എത്തുന്നത്. മാർച്ച് 17-നാണ് ഏറ്റവും അവസാനം കേരളത്തിൽ പുതിയ കൊവിഡ് കേസുകൾ ഇല്ലാതിരുന്നത്. തുടർച്ചയായി 42 ദിവസങ്ങൾക്ക് ശേഷം കേരളം കാത്തിരുന്ന ഈ ദിവസം എത്തുന്നത്.
ഒന്നരമാസം നീണ്ട ദേശീയ ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കേ കേരളത്തിൽ പുതിയൊരു കേസില്ലാത്ത ദിവസം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ ഗ്രീൻ-ഓറഞ്ച് സോണുകളില്ലെങ്കിലും കൂടുതൽ ഇളവുകൾ ലഭിക്കാൻ കാരണമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റെഡ് സോണിൽ ഉൾപ്പെട്ട കണ്ണൂരിലും കാസർകോടും ഇപ്പോഴും കൊവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്.
എന്നാൽ പത്തിലേറെ കേസുകൾ രണ്ട് ജില്ലകളിലുമായി വരുന്ന സാഹചര്യം കഴിഞ്ഞ മാസം ഉണ്ടായിട്ടില്ല. അതോടൊപ്പം രോഗികളെല്ലാം അതിവേഗം സുഖം പ്രാപിക്കുന്നുമുണ്ട്. കാസർകോട് ജില്ലയിൽ ഇനി പത്തിൽ താഴെ ആളുകൾ മാത്രമേ ചികിത്സയിലുള്ളൂ. ഒരു ഘട്ടത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായ കാസർകോട് ജനറൽ ആശുപത്രിയിൽ ഇപ്പോൾ ആരും ചികിത്സയിൽ ഇല്ല.
റെഡ് സോണിൽ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിൽ പുതിയ കൊവിഡ് കേസുകളൊന്നുമില്ല. മലപ്പുറത്തും കഴിഞ്ഞ ഒരാഴ്ചയിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി 14 ദിവസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ സോൺ മാറും എന്നതിനാൽ അടുത്ത ഇനിയുള്ള ഏഴ് ദിവസങ്ങൾ കോഴിക്കോടിന് വളരെ നിർണായകമാണ്.
അതേസമയം രോഗികളുടെ എണ്ണം താത്കാലികമായി കുറയുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇടവേളകൾ ഉണ്ടാവുന്നതും കണ്ട് കൊവിഡ് ഭീതി ഒഴിഞ്ഞെന്ന് കരുതേണ്ട എന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. സിംഗപ്പൂരടക്കം പല രാജ്യങ്ങളിലും പുതിയ കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഇളവ് നൽകുകയും പിന്നീട് കേസുകൾ കുത്തനെ കൂടുകയും ചെയ്ത സാഹചര്യം വിദഗ്ദ്ദർ ചൂണ്ടിക്കാട്ടുന്നു. ഗ്രീൻ സോണിലേക്ക് ആദ്യം മാറിയ കോട്ടയം, ഇടുക്കി ജില്ലകളുടെ അനുഭവും കേരളത്തിന് മുന്നറിയിപ്പാണ്.
മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെ സ്വദേശത്തേക്ക് കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇങ്ങനെ മടങ്ങി വരുന്നവരിലൂടെ രോഗവ്യാപനം വീണ്ടും തുടങ്ങാനുള്ള സാഹചര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
അഭ്യന്തരതലത്തിലുള്ള കുടിയേറ്റ തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും മടക്കം പൂർത്തിയാക്കുന്നതിനിടയിൽ തന്നെ പ്രവാസികളുടെ മടക്കവും പ്രതീക്ഷിക്കാം എന്നതിനാൽ കൊവിഡിനെതിരായ പോരാട്ടത്തിലെ അടുത്ത ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് ഉറപ്പിക്കാം. അപ്പോഴും കൂട്ടായ പോരാട്ടത്തിലൂടെ പുതിയ കൊവിഡ് കേസില്ലാത്ത ഒരു ദിവസം വന്നെത്തിയത് സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഒരേ പോലെ ആശ്വാസം നൽകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേരാണ് ഇനിയും കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
